ജമ്മു: രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ശേഖരിച്ച് വിദേശരാജ്യങ്ങൾക്കു കൈമാറിയെന്ന സംശയത്തെത്തുടർന്ന് സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യക്കെതിരേ ജമ്മുകാഷ്മീർ പൊലിസ് കേസെടുത്തു.
ജമ്മുവിലെ ഗാന്ധിനഗർ പൊലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പ്രതിയായ സ്ത്രീയുടെ ഭർത്താവ് ഇന്ത്യൻ സൈന്യത്തിലെ ഒരു മിഡിൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്നും എന്നാൽ അദ്ദേഹം ജമ്മു മേഖലയിലല്ല വിന്യസിക്കപ്പെട്ടിരിക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ജമ്മുവിൽ ഇവരെ ചോദ്യംചെയ്തു വരികയാണ്. കൂടുതൽ ആളുകളെ ചോദ്യം ചെയ്യാനും നീക്കമുണ്ട്.
ജമ്മുകാഷ്മീർ പൊലിസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രഹസ്യനീക്കവും തുടർനടപടികളും ഉണ്ടായത്.